ന്യൂഡല്‍ഹി: ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ കാണികളുടെ കണ്ണും മനസ്സും ഒരുപോലെ കവര്‍ന്ന് വ്യോമസേനയുടെ 'സിന്ദൂര്‍ ഫോര്മേഷന്'. പാകിസ്താനിലെ ഭീകരതാവളങ്ങളെ തകര്‍ത്തെറിഞ്ഞ 'ഓപ്പറേഷന് സിന്ദൂർ' എന്ന സൈനിക ദൗത്യത്തിന്റെ കരുത്ത് വിളിച്ചോതിക്കൊണ്ടാണ് അത്യാധുനിക യുദ്ധവിമാനങ്ങള്‍ കര്തവ്യ പഥിന് മുകളില്‍ വിസ്മയം തീര്‍ത്തത്.
പരേഡിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ 'ഫ്ലൈ പാസ്റ്റിന്റെ' ഭാഗമായാണ് സിന്ദൂര്‍ ഫോര്മേഷന് അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയുടെ കരുത്തന് വിമാനങ്ങളായ റഫാല്‍ , മിഗ്-29 , സുഖോയ്-30 എന്നിവയാണ് ഈ ഫോര്‍മേഷനില്‍ അണിനിരന്നത്. ആകാശത്ത് കുങ്കുമ നിറത്തിലുള്ള പുക വിതറി, കുതിച്ചുയരുന്ന വിമാനങ്ങള്‍ ഒരു സിന്ദൂരരേഖ പോലെ കര്തവ്യ പഥിന് മുകളില്‍ ദൃശ്യമായത് കാണികളില്‍ ആവേശം നിറച്ചു.
ശത്രുവിന്റെ വ്യോമപ്രതിരോധ നിരയെ അപ്രസക്തമാക്കിക്കൊണ്ട് നടത്തിയ മിന്നലാക്രമണത്തിന്റെ പ്രതീകമായിരുന്നു ഈ നീക്കം. പഹൽഗാം ഭീകരാക്രമത്തിന് മറുപടിയായി ഇന്ത്യൻ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ചേര്‍ന്ന് നടത്തിയ സൈനിക നീക്കമാണ് ഓപ്പറേഷന് സിന്ദൂർ.